Game Changer: ചടുല നൃത്ത ചുവടുകളുമായി രാം ചരണും കിയാരയും; സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ഗെയിം ചേഞ്ചറിലെ പുതിയ ഗാനം
തെന്നിന്ത്യൻ സൂപ്പർ താരം രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് ‘ഗെയിം ചേഞ്ചർ’. വൻ ഹൈപ്പിൽ വമ്പൻ ബഡ്ജറ്റിൽ എത്തുന്ന ചിത്രത്തിനെ കുറിച്ചുള്ള ആരാധക പ്രതീക്ഷകൾ ഏറെയാണ്. 400 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ചിത്രത്തിൽ രാം ചരണിന്റെ നായികയായി ബോളിവുഡ് താരം കിയാര അദ്വാനി ആണ്.ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.‘ധോപ്’ എന്ന് ആരംഭിക്കുന്ന ഗാനം സ്ഥിരം ഷങ്കർ സ്റ്റൈലിൽ വമ്പൻ സെറ്റുകളിലും ബഡ്ജറ്റിലുമാണ് ഒരുക്കിയിരിക്കുന്നത്. അസാമാന്യ മെയ്വഴക്കത്തോടെ ആടിത്തിമിർക്കുന്ന രാംചരണിനെയും ഗാനത്തിൽ കാണാനാകുന്നതാണ്.
തമൻ എസ്, റോഷിനി ജെകെ, പൃഥ്വി & ശ്രുതി രഞ്ജനി മൊതുമുടി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിന് മുൻപ് ഗെയിം ചേഞ്ചറിന്റെതായി പുറത്തുവന്ന ഗാനങ്ങളെക്കാൾ മികച്ച പ്രതികരണങ്ങളാണ് ധോപ്പിന് ലഭിക്കുന്നത്. രാംചരണിന്റെ ഡാൻസിനും ഗാനത്തിന്റെ വിഷ്വലിനും കൈയ്യടികൾ ലഭിക്കുന്നുണ്ട്. സിനിമയിലേതായി മുൻപ് പുറത്തുവന്ന ‘നാനാ ഹൈറാനാ’ എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനത്തിന് വലിയ ട്രോളുകളാണ് ലഭിച്ചത്. ലിറിക് വീഡിയോയിലെ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഉയർന്നത്. നായകന്റെയും നായികയുടെയും ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തത് പോലെയാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നതെന്നായിരുന്നു ആക്ഷേപം.
കേരളത്തിൽ ഗെയിം ചേഞ്ചര് റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. രാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം, വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകൾ ഉണ്ട്. എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തുക.